
സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനു കേന്ദ്രസർക്കാരിലേക്ക് സംസ്ഥാന സർക്കാർ സമർപ്പിച്ച സാധ്യതാ കേന്ദ്രങ്ങളുടെ അന്തിമപട്ടികയിൽ വൈക്കം വെള്ളൂരും തൃശൂർ കൊരട്ടിയും മാത്രമെന്ന് സൂചന. എയിംസ് സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ ജൂലൈയിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഉൾപ്പെടുത്തിയ 9 നിർദ്ദേശങ്ങളിൽ 3 എണ്ണവും വെള്ളൂരിന് വേണ്ടിയായിരുന്നു. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെ.പി.പി.എൽ) സ്ഥലം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് എം.പി, കെ. ബിനീമോൻ എം.എൽ.എ തുടങ്ങിയവർ നിവേദനം നൽകുകയും വിവിധ യോഗങ്ങളിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെള്ളൂരിന് പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കെ. ഫ്രാൻസിസ് ജോർജ് എം.പിക്ക് ഉറപ്പ് നൽകിയിരുന്നതായും കെ. ബിനീമോൻ എം.എൽ.എ പറഞ്ഞു. വെള്ളൂരിൽ കെ.പി.പി.എല്ലിനുള്ള 692 ഏക്കറിൽ 227.18 ഏക്കർ സ്ഥലം ഇപ്പോൾത്തന്നെ ലഭ്യമാണെന്നും, എയിംസിന് 200 ഏക്കർ സ്ഥലമാണ് വേണ്ടതെന്നുമാണ് വ്യക്തമാകുന്നത്. ആരെയും ഒഴിപ്പിക്കാതെ സ്ഥലം ഏറ്റെടുക്കാമെന്ന പ്രത്യേകതയും, റെയിൽ, റോഡ്, വ്യോമ ഗതാഗത സൗകര്യവും, കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതും വെള്ളൂരിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതായി അന്തിമ പട്ടികയിൽ ഇടംനേടാൻ സഹായകമായി.
Photo Courtesy - Google










